തൂവാനത്തുമ്പികൾ

1987
ഈ ഇനം ലഭ്യമല്ല

ഈ സിനിമയെക്കുറിച്ച്

1987-ൽ പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചലച്ചിത്രമാണ് തൂവാനത്തുമ്പികൾ. അദ്ദേഹത്തിന്റെ തന്നെ നോവൽ ആയ ഉദകപ്പോളയെ ആസ്പദമാക്കിയാണ് ഇത് രചിച്ചിരിക്കുന്നത്. ഉദകപ്പോള, ചലച്ചിത്രത്തെ അപേക്ഷിച്ച് കൂടുതൽ ഇരുണ്ടതാണെന്നു പറയാം. ഉദകപ്പോളയിൽ അവതരിപ്പിക്കുന്ന രണ്ടു വ്യത്യസ്ത കഥാപാത്രങ്ങളെ ജയകൃഷ്ണൻ എന്ന ഒറ്റ കഥാപാത്രമായി ഇതിൽ പത്മരാജൻ സംയോജിപ്പിച്ചിരിക്കുന്നു. നാട്ടിൻപുറത്തുകാരന്റെയും പട്ടണത്തിലെ ജീവിതം ആസ്വദിക്കുന്ന യുവാവിന്റെയും ദ്വന്ദ്വവ്യക്തിത്വങ്ങൾ ജയകൃഷ്ണൻ എന്ന കഥാപാത്രം പ്രതിഫലിപ്പിക്കുന്നു. ഈ ചിത്രത്തിന്റെ തിരക്കഥ, സംവിധാനം, മോഹൻലാലിന്റെ അഭിനയം എന്നിവ വളരെ പ്രശംസ പിടിച്ചുപറ്റി. പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് സംഗീതസംവിധാനം ചെയ്ത ഒന്നാം രാഗം പാടി, മേഘം പൂത്തുതുടങ്ങി എന്നീ പ്രശസ്തഗാനങ്ങൾ ഈ ചിത്രത്തിലുണ്ട്. മോഹൻലാലിന്റെ അഭിനയജീവിതത്തിലെ അവിസ്മരണീയമായ കഥാപാത്രങ്ങളിൽ ഒന്നാണ് ഈ ചിത്രത്തിലെ ജയകൃഷ്ണൻ. മലയാളചലച്ചിത്രങ്ങളിൽ വിരളമായ ഒരു വിഷയത്തെ ഈ ചലച്ചിത്രം കൈകാര്യം ചെയ്യുന്നു.
കാരിക്കകത്ത്‌ ഉണ്ണിമേനോൻ എന്ന തന്റെ സുഹൃത്തിന്റെ ജീവിതത്തെ ഏറെക്കുറെ ആസ്പദമാക്കിയാണ് പത്മരാജൻ ഈ ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്. ചിത്രത്തിനായി ക്ലാര എന്ന കഥാപാത്രത്തെ ഉണ്ണിമേനോന്റെ ജീവിതത്തിൽ പത്മരാജൻ കൂട്ടിച്ചേർത്തു.